Showing posts with label hair care tips. Show all posts
Showing posts with label hair care tips. Show all posts

Saturday, 16 January 2021

മുടി വളർച്ചയ്ക്ക് ചില നാടൻ ചികിത്സകൾ

മുടി വളർച്ചയ്ക്ക്  ചില നാടൻ ചികിത്സകൾ

ഒരു സാധാരണ മനുഷ്യന്റെ തലയിൽ ഏതാണ്ട് ഒരു ലക്ഷത്തോളം മുടികൾ ഉണ്ടാകും. ഭാരതീയരെ സംബന്ധിച്ചിടത്തോളം മുടി സൗന്ദര്യത്തിന്റെയും ആരോഗ്യത്തി ന്റെയും പ്രതീകമാണ്. മുടികൊഴിയുന്നതും മുടിയിഴകൾ പൊട്ടുന്നതും മുടിയുടെ അഗ്രം പൊട്ടുന്നതും സാധാരണ കണ്ടുവരുന്ന കുഴപ്പങ്ങളാണ്. ഷാംപൂ ചെയ്തതു കൊണ്ടോ ചീകിക്കെട്ടിയതുകൊണ്ടോ ഈ അസുഖങ്ങൾ വിട്ടുമാറുന്നില്ല. മുടിയുടെ അഗ്രം ചിന്നിച്ചാൽ, ആ ഭാഗം മുറിച്ചുകളയുന്നതാണ് നല്ലത്.
നേർത്ത ചൂടുള്ള കാലാവസ്ഥയിൽ മുടി നന്നായി വളരുന്നു. മുടി മുറിച്ചാൽ വേഗത്തിൽ വളരുമെന്ന വിശ്വാസം തെറ്റാണ്. അതുപോലെതന്നെ ഇടയ്ക്കിടെ മുടി കഴുകിയാൽ മുടികൊഴിയുമെന്ന പ്രചരണവും തെറ്റാണ്. - അമ്പതുവയസ്സ് കഴിഞ്ഞാൽ നല്ലൊരു വിഭാഗം പുരുഷന്മാരുടെ മുടി കൊഴിഞ്ഞ് കഷണ്ടി വന്നുതുടങ്ങുന്നു. അതുപോലെതന്നെ അമ്പതുകഴിയുന്ന സ്ത്രീകളുടെ മുടിയും കൊഴിയാറുണ്ട്. ഒരു ദിവസം നൂറ് മുടിയെങ്കിലും ഒരു വ്യക്തിയുടെ തലയിൽ നിന്നും കൊഴിയുമെന്നാണ് പറയപ്പെടുന്നത്.  മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് പ്രധാന മായും വേണ്ടത് പോഷക സമൃദ്ധമായ ആഹാരമാണ്. മുട്ട, കരൾ, കിഡ്നി, കടൽമത്സ്യം , കാരറ്റ്, പച്ചക്കറികൾ തുടങ്ങിയവ മുടിവളർച്ചയ്ക്ക് അത്യന്താപേക്ഷിതമായി വേണ്ടുന്ന ഘടകങ്ങളാണ്. വൈറ്റമിൻ ‘സി’ വൈറ്റമിൻ 'ഡി' എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് വേണ്ടത്. സൂര്യപ്രകാശം അമിതമായാൽ മുടിക്ക് ദോഷകരമാണ്. ഇത് തലയോട്ടിയിൽ തകരാറുണ്ടാക്കുന്നു. സൂര്യന്റെ "യുവി' യിൽനിന്ന് സംരക്ഷണം ലഭിക്കുന്ന വസ്തുക്കളാണ് മുടി സംരക്ഷണത്തിന് ഉപയോഗിക്കേണ്ടത്. കടുത്ത ചൂടിൽ തല മറയ്ക്കുന്നത് അനുകരണീയമായ കാര്യമത്രെ.
 മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്ന പല വസ്തുക്കളും നമ്മുടെ കയ്യെത്തും ദൂരത്തുണ്ട്. അവയെപ്പറ്റിയാണ് താഴെ വിവരിക്കുന്നത്.
 ഉലുവ 
     മനുഷ്യവർഗ്ഗത്തിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നൽകിയിട്ടുള്ള ഒന്നാണ് ഉലുവ. നിരവധി രോഗങ്ങൾക്ക് ഉലുവ ഔഷധമായി ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചിലിനും ഇത് നല്ലൊരു ഔഷധമത്രെ. ഒരുപിടി ഉലുവ വെള്ളത്തിലിട്ട് മൂന്നോ നാലോ മണിക്കൂർ വയ്ക്കുക. ഇത് നന്നായി അരച്ചെടുത്ത് ഷാംപു പോലെ തലയിൽ തേയ്ക്കുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുക. മുടികൊഴിച്ചിലിന് ഫലപ്രദമായ ഒരു ചികിത്സയാണിത്.
എള്ള് 
  എള്ളിന്റെ എണ്ണ നല്ലൊരു ഔഷധമാണ്. അതുപോലെതന്നെ  എള്ളിന്റെ ഇലയും ഔഷധ ഗുണമുള്ളതത്രെ. ഇലയും വേരും മുടി കൊഴിച്ചിൽ ഇല്ലാതാക്കുന്നു. ഇലയും വേരും പതിനഞ്ചുമിനിറ്റ് സമയം വെള്ളത്തിലിട്ടുവച്ചതിനു ശേഷം ചതച്ചെടുത്ത് മുടിയിൽ തേച്ച് മസാജ് ചെയ്യുക. മുടി നരയ്ക്കുന്നത് തടയാനും ഇതിന് കഴിയുന്നു. 
 ബദാം 
   ബദാംഎണ്ണ (ഒരു സ്പൺ) തേൻ (ഒരു സ്പൺ) മുട്ടയുടെ മഞ്ഞക്കരു (ഒരു മുട്ടയുടെ) എന്നിവ കൂട്ടിക്കലർത്തി ഒരു പേസ്റ്റാക്കുക. ഈ പേസ്റ്റ് തലയിൽ തേച്ച് ഒരു ടൗവൽകൊണ്ട് ഇത് മറച്ചുകെട്ടി അരമണിക്കൂർ ഇരിക്കുക. അതുകഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയിൽ ഒരിക്കൽ ഈ ചികിത്സ നടത്തിയാൽ മുടികൊഴിച്ചിൽ ഇല്ലാതാവുകയും ആരോഗ്യമുള്ള മുടി വളരുകയും ചെയ്യുന്നു.
പുകയിലയും ഒലിവ് എണ്ണയും
 പുരുഷന്മാർക്ക് മുടി കൊഴിയുന്നുണ്ടെങ്കിൽ ഇത് ചികിത്സയായി ഉപയോഗിക്കാം. പുകയിലച്ചെടിയുടെ പൂക്കൾ ശേഖരിച്ച് അവ അരച്ച് പേസ്റ്റാക്കുക. അൽപ്പം ഒലീവ് എണ്ണ ഇതിൽ ചേർക്കണം. ഈ പേസ്റ്റ് മുടികൊഴിയുന്ന ഭാഗങ്ങളിൽ തേച്ച് മസാജ് ചെയ്യുക. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് ചെയ്താൽ കഷണ്ടി മാറി മുടി കിളിർക്കാൻ തുടങ്ങുന്നു.
ഒലിവ് ഓയിൽ മസാജ് 
  നിത്യവും ഒലീവ് എണ്ണ തലയിൽ തേച്ച് മസ്സാജ് ചെയ്താൽ മുടി വളരാൻ തുടങ്ങും. മുടി നരയ്ക്കാതിരിക്കാനും ഇത് കാരണമായിത്തീരും. ഇത് താരൻ വരാതിരിക്കാനും സഹായകമാണ്. ഈ എണ്ണയ്ക്കൊപ്പം ബദാം എണ്ണ കൂടി കലർത്തി തേയ്ക്കാറുണ്ട്.

Friday, 15 January 2021

വേനൽക്കാല കുന്തൽ സംരക്ഷണം

വേനൽക്കാല കുന്തൽ സംരക്ഷണം

    വേനൽക്കാലത്ത് അമിതവിയർപ്പുണ്ടാവുമെന്നതുകൊണ്ട് ആഴ്ചയിൽ മൂന്നുതവണയെങ്കിലും നല്ല ഷാമ്പൂ ഉപയോഗിച്ച് തലമുടി കഴുകി വൃത്തിയാക്കണം. വിയർപ്പു പറ്റിപ്പിടിച്ചാൽ തലയോട്ടിയിലെ ദ്വാരങ്ങൾ അടഞ്ഞ് മുടികൊഴിയും. മുടിയുടെ ആരോഗ്യവും നഷ്ടപ്പെടും.
    രാത്രി ഒരു കപ്പ് തൈരിൽ ഒരുപിടി ഉലുവ കുതിർത്തുവെച്ച് രാവിലെ പേസ്റ്റുപോലെ അരച്ചെടുത്ത് തലയിൽ പുരട്ടുക. എന്നിട്ട് അൽപ്പനേരം കഴിഞ്ഞ് തല നല്ലവണ്ണം കഴുകുക. ഉച്ചിമുതൽ പാദംവരെ ശരീരത്തെ തണുപ്പിക്കുന്നതോടൊപ്പം മുടിയുടെ ബലവും വർദ്ധിക്കും.
     ചിലർക്ക് വേനൽക്കാലത്ത് തലയിൽ താരൻ ഉണ്ടാവും. എണ്ണയിൽ അൽപ്പം ചെറുനാരങ്ങാനീര് ചേർത്ത് തലയിൽ തേച്ച് കുളിക്കുക. ആരംഭ അവസ്ഥയിലെ താരൻ ഇല്ലാതാക്കാൻ ഇത് സഹായകമാവും.
    ചെമ്പരത്തിയില അരച്ച് തൈര് ചേർത്ത് തലയിൽ തേച്ച് അരമണിക്കൂറിനുശേഷം കുളിച്ചാൽ ശരീരത്തിന് കുളിർമ്മയും മുടിക്ക് മിനുസവുമുണ്ടാവും. 
 തേങ്ങാപ്പാൽ തലയിൽ പുരട്ടി അൽപ്പനേരം കഴിഞ്ഞ് കുളിക്കുക. തേങ്ങാപ്പാൽ കുളിർമ്മ പ്രദാനം ചെയ്യുന്നതോടൊപ്പം തലമുടിയുടെ ബലവും വർദ്ധിപ്പിക്കും.
    ചർമ്മത്തെപ്പോലെതന്നെ തലമുടിക്കും വെയിലിൽ നിന്നും സംരക്ഷണം ആവശ്യമാണ്. അതുകൊണ്ട് പുറത്തുപോകുമ്പോൾ തൊപ്പി ധരിക്കുകയോ തലയിൽ തുണി അണിയുകയോ കുട ചൂടുകയോ ചെയ്യണം. 

Search This Blog