മുസ്ലീം-ക്രിസ്ത്യൻ വധു - Wedding Tips

                                       മുസ്ലീം-ക്രിസ്ത്യൻ വധു
മുസ്ലീം - ക്രിസ്ത്യൻ സമുദായങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് അണിയുന്ന പ്രത്യേകതരം ആഭരണങ്ങളെന്നുപറയാൻ ഒന്നുമില്ല. പണ്ട് കാലത്ത് ക്രിസ്ത്യൻ സമുദായ ത്തിലെ അമ്മച്ചിമാർ കാതിൽ അണിഞ്ഞിരുന്നത് നല്ല വലുപ്പമുള്ള മേക്കാമോതിരമായിരുന്നു. ചില അമ്മച്ചിമാരെ കണ്ടാൽ കാതിനെ ക്കാൾ വലുപ്പം കമ്മലിനുണ്ടെന്ന് തോന്നിപ്പോകും. പിന്നിൽ ഞൊറിയിട്ട വെള്ള മുണ്ടും ചട്ടയും മേക്കാമോതിരവും പഴയ അമ്മച്ചിമാരുടെ ഇഷ്ടപ്പെട്ട വേഷമായിരുന്നു.
ട്രഡീഷണൽ ആഭരണമെന്ന് വിശേഷിപ്പിക്കാവുന്ന മേക്കാമോതിരം തറവാട്ട് മഹിമയുടെ അടയാളപ്പെടുത്തൽ കൂടിയാണ്. മുണ്ടും ചട്ടയും മേക്കാമോതിരവുമണിഞ്ഞുനിൽക്കുന്ന അമ്മച്ചിമാർ തറവാടിന്റെ ഐശ്വര്യമെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അതൊക്കെ ഇന്ന് പഴങ്കഥകളായി. അമ്മച്ചിമാരും ഫാഷന് പിന്നാലെയാണ്.
മുസ്ലീം സമുദായത്തിലെ ഉമ്മമാരുടെ വിശേഷപ്പെട്ട ആഭരണമായിരുന്നു അലിക്കത്ത്. ഹാന്റിക് വർക്കുകളുള്ള നേർത്ത വട്ടകമ്മലിന്റെ അടി ഭാഗത്തായി നിറയെ സ്വർണ്ണമുത്തുകളുണ്ടാകും. രണ്ട് കാതുകളുടെയും മുകളറ്റം മുതൽ കീഴറ്റം വരെ വിശറിപോലെ കിടക്കുന്ന അലിക്കത്തു രസകരമായ കാഴ്ചയാണ്. കാലം പുരോഗമിച്ചപ്പോൾ ട്രഡീഷണൽ സ്വഭാവമുള്ള മേക്കാമോതിരവും അലിക്കത്തുമൊക്കെ ഔട്ട് ഓഫ് ഫാഷനായി.
വിവാഹത്തിന് ഒരുങ്ങുന്ന ക്രിസ്ത്യൻ പെൺകുട്ടികൾ ഇന്ന് ധാരാളമായി ഉപയോഗിക്കുന്നത് ഡയമണ്ട് ആഭരണങ്ങളാണ്. വിവാഹത്തിനുമുമ്പ് നടക്കുന്ന മനസ്സമ്മതത്തിന് ഒരു മാല അല്ലെങ്കിൽ രണ്ട്. വില കൂടിയ സാരിയാണ് ധരിക്കുന്നതെങ്കിൽ അതിന് മാച്ച് ചെയ്യുന്ന അൺകട്ട് ഡയമണ്ട് നെക്ലെസായിരിക്കും ഉപയോഗിക്കുന്നത്. അല്ലെങ്കിൽ ഹാന്റിക് വർക്കുള്ള സ്വർണ്ണാഭരണങ്ങൾ.
കല്യാണ ദിവസം മിക്കവാറും വൈറ്റ് ഗൗണായിരിക്കും. അതിന് യോജിച്ചരീതിയിൽ കളർ കോമ്പിനേഷൻ രത്നം വരുന്ന ഡയമണ്ട് ആഭരണങ്ങളാണ് ധരിക്കുന്നത്. വിവാഹത്തിനുശേഷമുള്ള റിസപ്ഷന് മിക്കവാറും സാരിയായിരിക്കും. സാരിയോടൊപ്പം ഹാന്റിക് വർക്കുകളുള്ള ട്രഡീഷണൽ ആഭരണങ്ങളാണ് ഉപയോഗിക്കുക. എണ്ണം കുറച്ച് നല്ല ഡിസൈനിലുള്ള ആഭരണങ്ങളാണ് പെൺകുട്ടികൾ സെലക്റ്റ് ചെയ്യുന്നത്. ഒരുപാട് ആഭരണങ്ങൾ ധരിക്കുന്നതിനെക്കാൾ നല്ലത് മികച്ച ഒരെണ്ണം മതിയെന്ന ന്യൂജനറേഷന്റെ കണ്ടെത്തൽ ഏറെക്കുറെ ശരിയുമാണ്. കല്യാണത്തിൽ പങ്കെടുക്കാനെത്തുന്ന സ്ത്രീകളുടെ ശ്രദ്ധ മുഴുവൻ വധു അണിഞ്ഞിരിക്കുന്ന ഡ്രസ്സിലും ആഭരണങ്ങളിലുമായിരിക്കുമല്ലോ. നാല് പേർ ഒരുമിച്ചാണിരിക്കുന്നതെങ്കിൽ അവരുടെ മുന്നിലെ പ്രധാന ചർച്ചാ വിഷയം ഇതുതന്നെയായിരിക്കും. സാധാരണയായി മുസ്ലീം പെൺകുട്ടി കളുടെ കല്യാണത്തിന് ധാരാളമായി സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിൽ പ്രധാനമായിട്ടുള്ളത് ആന്റിക് ആഭരണങ്ങളാണ് . കല്യാണത്തിന് പെൺകുട്ടിയുടെ ദേഹം നിറഞ്ഞുകിടക്കണമെന്നുള്ളതുകൊണ്ട് ചെട്ടിനാട് കേരളപാറ്റേൺ, ആന്റിക് ആഭരണങ്ങൾ തുടങ്ങി എല്ലാ രീതിയിലുമുള്ള പുതിയ പാറ്റേൺ സ്വർണ്ണാഭരണങ്ങൾ ധരിക്കാറുണ്ട്. പഴയ കൺസ പൂറ്റിൽ നിന്നു മാറി മുസ്ലീം പെൺകുട്ടികളും ഡയമണ്ട് ആഭരണങ്ങൾക്ക് പ്രാധാന്യം നൽകിതുടങ്ങിയിരിക്കുന്നു. - ക്രിസ്ത്യൻ പെൺകുട്ടികളായാലും മുസ്ലീം പെൺകുട്ടികളായാലും ദേഹം നിറഞ്ഞുകിടക്കുന്ന സ്വർണ്ണാഭരണങ്ങളെക്കാൾ അവർക്ക് താൽപ്പര്യം ഡയമണ്ടിനോടാണ് എന്ന് കരുതി സ്വർണ്ണാഭരണങ്ങൾ പാടേ ഉപേക്ഷിച്ചുകളഞ്ഞുവെന്ന് ഇതിന് അർത്ഥമില്ല. ഇന്നും സാധാരണക്കാർ ഉപയോഗിക്കുന്നത് സ്വർണ്ണാഭരണങ്ങൾ തന്നെയാണ്. അതിലൊരു മാറ്റവും വന്നിട്ടില്ല.  ഡയമണ്ട് ആഭരണങ്ങളും സ്വർണ്ണാഭരണങ്ങളും തമ്മിൽ വിലയിൽ വലിയ അന്തരമുണ്ട്. സ്വർണ്ണാഭരണങ്ങൾ ആവശ്യമുള്ളവർ അത് ഉപയോഗിക്കുന്നു. ഡയമണ്ട് ആഭരണങ്ങളോട് താൽപ്പര്യമുള്ളവർ അതിലേക്ക് പോകുന്നു. ഓരോരുത്തരുടെ ഇഷ്ടങ്ങൾക്കും സാമ്പത്തികഭദതയ്ക്കും അനുസരിച്ചാണ് ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നത്.
 

Search This Blog

Blog Archive