ചൂടുകാലത്ത് നേരിടാൻ - Health Care Tips

ചൂടുകാലത്ത് നേരിടാൻ
ഒരോ വർഷം കഴിയുന്തോറും ചൂട് വർദ്ധിക്കുകയാണ്. കാലാവസ്ഥയിൽ വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റത്തിന് മനുഷ്യരുടെ ജീവിതശൈലിയിലുള്ള മാറ്റമാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മണ്ണിനോടും പ്രകൃതിയോടും നാം പുലർത്തിപ്പോന്ന സ്നേഹവും ആദരവും ഇന്ന് കളഞ്ഞുകുളിച്ചിരിക്കുന്നു. ഭൂമി ചുട്ടുപഴുക്കുന്നതിന് നിരവധി കാരണങ്ങൾ ശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും പ്രകൃതിയോടുള്ള അവഗണനയാണ് പ്രധാന കാരണം. എന്തായാലും ചൂടുകാലം നമുക്കൊക്കെ അസഹനീയമാണ്. ചൂടിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പല രോഗങ്ങൾക്കും അത് കാരണമായിത്തീരുന്നു. ചൂടുകാലത്ത് ആരോഗ്യം നിലനിറുത്തുന്നതിനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും ഭക്ഷണശൈലിയിൽത്തന്നെ മാറ്റം വരുത്തണം. പ്രധാനമായും പഴവർഗ്ഗങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കി മാറ്റണം. ഏതൊക്കെ പഴവർഗ്ഗങ്ങളാണ് ഉപയോഗിക്കേണ്ടതെന്നാണ് താഴെ വിവരിക്കുന്നത്.
                                             തണ്ണിമത്തൻ
 ദാഹം തീർക്കാൻ ഏറ്റവും പറ്റിയത് തണ്ണിമത്തനാണ്. ചൂടുമൂലം ശരീരത്തിന് നഷ്ടമാകുന്ന ജലാംശം ഇതുവഴി തിരിച്ചുകിട്ടുന്നു. ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നത് കൂടാതെ മൊത്തത്തിൽ ശരീരത്തെ തണുപ്പിക്കുന്നതിന് തണ്ണിമത്തന് കഴിയുന്നു. സൂര്യതാപത്തിൽ നിന്ന് ത്വക്കിനെ സംരക്ഷിക്കുന്ന ലൈക്കോപ്പെൻ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ വൈറ്റമിൻ "എ' വൈറ്റമിൻ 'സി' തുടങ്ങിയവ തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നു.
                 ബറീസ്
 ബറീസ് രുചികരവും മധുരതരവുമാണ്. ഇവയിൽ ധാരാളം "പ്ലേവനോയിഡ്സ്' ഉണ്ട്. ഇവയ്ക്കാകട്ടെ ശരീരത്തിൽ കലരുന്ന വിഷാംശത്തെ നേരിടാനുള്ള കഴിവുണ്ട്. രക്തയോട്ടം വർദ്ധിപ്പിക്കാനും, ചൂടിന്റെ കാഠിന്യത്തെ നിയന്ത്രിക്കാനും, ത്വക്കിന്റെ നേർമ്മ നില നിറുത്താനും ഇവയ്ക്ക് കഴിയുന്നു.
                                         പൈനനാപ്പിൾ  
ചൂടുകാലത്തെപ്പറ്റി ചിന്തിക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസ്സിൽ ഓടിയെത്തുക കൈതച്ചക്കയാണ്. കൈതച്ചക്കയിൽ ധാരാളം വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ബ്രാമിലൈൻ തുടങ്ങിയ എൻസൈമുകൾക്ക് നീർവീക്കത്തെ ചെറുക്കാനുള്ള കഴിവുണ്ട്.
                                                   മാങ്ങ
 മാങ്ങയുൾപ്പെടുത്തിയ സലാഡ് ചൂടുകാലത്ത് വളരെയധികം ഗുണകരമാണ്. മാങ്ങയിൽ ധാരാളം വൈറ്റമിൻ “എ', "സി' തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് കാൻസറിനെ നേരിടാൻ കഴിയുന്നുമുണ്ട്.
                                                   കിവി
 ഓറഞ്ചിൽ അടങ്ങിയിട്ടുള്ളതിനെക്കാൾ കൂടുതൽ വൈറ്റമിൻ സി കിവി ഫലത്തിലുണ്ട്. ചൂടുകാലത്ത് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു ഫലമാണ് കിവി. പൊട്ടാസ്യം, വൈറ്റമിൻ ഇ തുടങ്ങിയവയും ഈ ഫലത്തിൽ ധാരാളമുണ്ട്.
                                                 കപ്പയ്ക്ക
കപ്പയ്ക്കാ മൃതകോശങ്ങൾ ഇളക്കിക്കളയുന്നതിന് മുഖത്ത് തേയ്ക്കാറുണ്ട്. ഇറച്ചി വേവിക്കുന്നതിന് കപ്പയ്ക്കാകൂടി മുറിച്ചിട്ട് വേവിക്കാറുണ്ട്. യഥാർത്ഥത്തിൽ കപ്പയ്ക്കാ വളരെയധികം പോഷകങ്ങൾ അടങ്ങിയ ഫലമാണ്. പപ്പായയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി നിങ്ങളെ പനിവരാതെ കാത്തുസൂക്ഷിക്കുന്നു. കൂടാതെ ബീറ്റാകരോട്ടിനും, മറ്റ് ജീവകങ്ങളും കപ്പയ്ക്കയിലുണ്ട്. കപ്പയ്ക്കാ ചൂടുകാലത്ത് കഴിക്കാവുന്ന ഏറ്റവും നല്ല ഫലങ്ങളിൽ ഒന്നുതന്നെയാണ്. ശരീരത്തിനുള്ളിലെ നീർവീക്കത്തെ കപ്പയ്ക്കാ അകറ്റുന്നു.
                    ഓറഞ്ച്
ഓറഞ്ചിൽ ധാരാളം പൊട്ടാഷ്യമുണ്ട്. പേശീവേദന നിയന്ത്രിക്കാൻ പൊട്ടാഷ്യം സഹായിക്കുന്നു. കൂടാതെ ഓറഞ്ചിൽ 80 ശതമാനം ജലം കലർന്നിരിക്കുന്നതിനാൽ ശരീരത്തിലെ ജലാംശം സന്തുലിതമായി നിലനിർത്തുന്നു.


 

Search This Blog