കിഡ്നി രോഗങ്ങൾ വരാതിരിക്കാൻ

കിഡ്നി രോഗങ്ങൾ വരാതിരിക്കാൻ

     ബിയർ കഴിച്ചാൽ കിഡ്നി സ്റ്റോൺ അലിഞ്ഞില്ലാതാകുമെന്ന് ഒരു വിശ്വാസം എങ്ങനെയോ പടർന്നിട്ടുണ്ട്. ഈ വിശ്വാസം തെറ്റാണ്. മാത്രവുമല്ല ബീയർ അമിതമായി കുടിച്ചാൽ കിഡ്നി സ്റ്റോൺ വർദ്ധിക്കുകയും ചെയ്യും.  ബീയറല്ല, ഏതുതരം മദ്യം കഴിച്ചാലും മൂത്രവിസർജ്ജനം നടത്താനുള്ള ത്വര വർദ്ധിക്കുന്നു. ശുദ്ധജലം കുടിച്ചാലും ഈ ചോദന ഉണ്ടാകുന്നു. ഇതുമൂലം 4-8 എം.എം. സൈസിലുള്ള കല്ലുകൾ അലിഞ്ഞ് പോകാറുണ്ട്.  എന്നാൽ ബിയർ ധാരാളമായി കഴിക്കുന്നവരിൽ കല്ല് വർദ്ധിക്കുകയും അവസ്ഥ കൂടുതൽ സങ്കീർണ്ണമാവുകയുംചെയ്യുന്നു. കൂടുതലായി ബീയർ കുടിക്കുന്നതു മൂലം മൂത്രത്തിൽ ആസിഡിന്റെ അംശം വർദ്ധിക്കുന്നു. ഇങ്ങനെയാണ് കല്ലുകൾ ഉണ്ടാകുന്നത്. കൂടാതെ ബീയർ കുടിക്കുകമൂലം നെഞ്ചെരിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു. ഇതും ആസിഡുകളുടെ വർദ്ധനവുമൂലമാണ് ഉണ്ടാകുന്നത്. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ ബീയർ കുടിച്ചാൽ  കിഡ്നി സ്റ്റോൺ  ഇല്ലാതാകുമെന്ന സങ്കൽപ്പംതന്നെ തെറ്റാണെന്ന് ബോദ്ധ്യമാകും .  ആവശ്യത്തിന് ജലം കുടിക്കുന്നത് കിഡ്നി സ്റ്റോൺ ഇല്ലാതാക്കാൻ പറ്റിയ മാർഗ്ഗമാണ്. ഇത്തരം അസുഖമുള്ളവർ, നാരങ്ങാവെള്ളം, ഓറഞ്ച് ജൂസ്, കൈതച്ചക്ക ജൂസ് തുടങ്ങിയവ കുടിക്കുന്നത് ഗുണകരമാണ്. നിത്യവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ഈ അസുഖം വരില്ല. നാരങ്ങായിൽ വൈറ്റമിൻ 'സി' ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കല്ലുണ്ടാകുന്ന പ്രവർത്തനത്തെ സ്തംഭിപ്പിക്കുന്നു.
        ഏത് പ്രായത്തിൽപ്പെട്ടവർക്കും വരാൻ സാദ്ധ്യതയുള്ള ഒരു അസുഖമാണ് മൂത്രത്തിൽ കല്ലുണ്ടാവുക എന്നത്. എങ്കിലും പൊതുവേ ഇരുപത്തഞ്ചിനും നാൽപ്പത്തഞ്ചിനുമിടയ്ക്ക് പ്രായമുള്ളവർക്കാണ് ഈ അസുഖം സാധാരണയായി വരുന്നത്. സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് ഈ അസുഖം കൂടുതലായി കീഴടക്കുക. കുട്ടികൾക്കും ഇതുണ്ടാകാം. ഇരുപത്തഞ്ചുശതമാനം പേർക്ക് കുടുംബപാരമ്പര്യം വഴിയാണ് ഈ അസുഖം വരുന്നത്. കാലാവസ്ഥ, ഹുമിഡിറ്റി, ശീതോഷ്ണാവസ്ഥ തുടങ്ങിയവയും ഈ അസുഖം വരാൻ കാരണങ്ങളാണ്.  കാത്സ്യവും ഫോസ്ഫേറ്റും അടങ്ങിയവയാണ് മൂത്രത്തിലെ കല്ലുകൾ. കല്ലുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പൊതുവേ ശരീരത്തിനാവശ്യമുള്ളവയാണ്. അസ്ഥികൾ, പേശികൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഈ രാസവസ്തുക്കൾ ആവശ്യമാണ്.  കിഡ്നി സ്റ്റോണുകൾ ഉണ്ടാകാൻ പ്രധാനമായ കാരണം ഭക്ഷണരീതിതന്നെയാണ്. ആവശ്യത്തിന് ജലം കുടിക്കാതിരിക്കുന്നതും ഇതുണ്ടാകാൻ കാരണമാണ്. ചില സാഹചര്യത്തിൽ മൂത്രനാളിയിൽ അണുബാധയുണ്ടാകുന്നതുമൂലവും കിഡ്നി സ്റ്റോൺ ഉണ്ടാകാവുന്നതാണ്. പ്രോസ്റ്റേറ്റ് വികസിക്കുക, തൈറോയിഡ് സംബന്ധമായ അസുഖങ്ങൾ ഉണ്ടാവുക തുടങ്ങിയവയും മൂത്രത്തിൽ കല്ലുകൾ ഉണ്ടാകാൻ കാരണമായിത്തീരാവുന്നതാണ്.  ഈ അസുഖം വന്നാൽ സോഡിയവും പ്രോട്ടീനും ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക. പഞ്ചസാര, കൃത്രിമ മധുരം കലർത്തിയ പലഹാരങ്ങൾ തുടങ്ങിയവ ഉപേക്ഷിക്കുക. മഗ്നീഷ്യം ശരീരത്തിൽ ആഗിരണം ചെയ്യുന്ന പ്രക്രിയയെ പഞ്ചസാര നിരുത്സാഹപ്പെടുത്തുന്നു. കാത്സ്യം ശരീരത്തിൽ അലിഞ്ഞു ചേരുന്നതിന് സഹായിക്കുന്നത് മഗ്നീഷ്യമാണ്. ഈ അസുഖമുള്ളവർ നിത്യവും മൂന്നുലിറ്റർ വെള്ളമെങ്കിലും കുടിക്കണം. 


Search This Blog

Powered by Blogger.