നഖസൗന്ദര്യത്തിന് നെയിൽ ആർട്ട്
നെയിൽ പോളിഷിനോട് ഇഷ്ടം കൂടാത്ത പെൺകുട്ടികളുണ്ടാവില്ല. പക്ഷേ, ഇവരെല്ലാവരും ഒന്നുപോലെ നെയിൽ പോളിഷിനെക്കുറിച്ച് പരാതികളും പറയുന്നുണ്ട്. നെയിൽ പോളിഷിട്ട് ഉംങ്ങും വരെ കാത്തിരുന്നാലും പാടുകളും പോറലുകളും കാണുന്നു. പോളീഷ് രണ്ടുദിവസം കഴിയുമ്പോഴേയ്ക്കും പൊളിയാൻ തുടങ്ങുന്നു. വ്യത്യസ്തമായ ഡിസൈനുകൾ പരീക്ഷിക്കാനാകുന്നില്ല. ഇങ്ങനെ പരാതികൾ പലതാണ്. ഇതിനെല്ലാം പരിഹാരമാണ് നെയിൽ പോളിഷ് സ്ട്രിപ്പുകൾ. കാഴ്ചയ്ക്ക് കൃത്രിമത്വം ഒട്ടും തോന്നാത്ത ഇത്തരം സ്ട്രിപ്പുകൾ യഥാർത്ഥ നെയിൽ പോളിഷ് ഉപയോഗിച്ചു തന്നെയാണ് നിർമ്മിച്ചിട്ടുള്ളതും. നഖങ്ങളെ ഇവ മനോഹരമാക്കുന്നുമുണ്ട്. നെയിൽ പോളിഷ് സ്ട്രിപ്പ് നഖത്തിലണിയുക വളരെ എളുപ്പമാണ്. പല അളവുകളിലുള്ള കുറെ സ്ട്രിപ്പുകളാണ് ഒരു പായ്ക്കറ്റിലുണ്ടാവുക. ഇത്തരം സ്ട്രിപ്പുകൾക്കൊപ്പം നെയിൽ ഫയലും ഓറഞ്ച് സ്റ്റിക്കും കാണും. നഖത്തിൽ പോളിഷ് ഉണ്ടെങ്കിൽ അത് ആദ്യം നീക്കം ചെയ്യണം. അതിനുശേഷം കൈകൾ നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കണം. പിന്നെ ഓറഞ്ച് സ്റ്റിക്ക് ഉപയോഗിച്ച് നഖത്തോട് ചേർന്നുള്ള ചർമ്മം പിന്നിലേക്ക് തള്ളണം. അതിനുശേഷം സ്ട്രിപ്പ് ഇളക്കിയെടുത്ത് നഖത്തോട് ചേർത്തുവെച്ച് മെല്ലെ അമർത്തണം. ഒട്ടിക്കുമ്പോൾ സ്ട്രിപ്പിൽ ചുളിവ് വീണാൽ മുൻഭാഗത്ത് പിടിച്ച് മെല്ലെ വലിച്ച് നേരെയാക്കി വയ്ക്കണം. നെയിൽ ഫയലുകൊണ്ട് ഉരസി നഖത്തിന്റെ അറ്റത്ത് നീണ്ടുനിൽക്കുന്ന ഭാഗം നീക്കം ചെയ്യാം. നഖത്തിൽ സ്ട്രിപ്പ് നന്നായി ചേർത്തശേഷം നെയിൽ പോളിഷ് ടോപ്പ് കോട്ട് (നിറ മില്ലാത്ത പോളിഷ്) കൂടി ഇടണം. ഇത്തരം സ്ട്രിപ്പുകൾ ഒരാഴ്ചവരെ നിൽക്കും. ഇവ നീക്കം ചെയ്യേണ്ടിവരുമ്പോൾ മെല്ലെ വലിച്ചിളക്കുകയോ സാധാരണ നെയിൽ പോളീഷ് പോലെ റിമൂവറിൽ മുക്കിയ പഞ്ഞികൊണ്ട് തുടച്ച് നീക്കുകയോ ചെയ്യാം. നഖങ്ങളെ സുന്ദരമാക്കാൻ വ്യത്യസ്തമാർന്ന നിരവധി ഡിസൈനുകളും പാറ്റേണുകളുമുണ്ട് വിപണികളിൽ തെരഞ്ഞെടുക്കാൻ.