പാലും ചായയും രുചികരമാക്കാൻ

പാലും ചായയും രുചികരമാക്കാൻ

  പാലും ചായയും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ട്. ഉന്മേഷത്തിനും ഊർജ്ജത്തിനും ഉണർവ്വിനും ഉത്തമമായ രണ്ട് പനീയങ്ങളാണ് പാലും ചായയും.  പാൽ കുടിക്കാൻ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഉതകുന്നതാണെന്ന കാര്യം നമുക്കറിയാമല്ലോ. പാൽപ്പാട മുഖത്തുതേച്ചാൽ മുഖം മൃദുലമാകും, അഴകേറും.  ലോകസുന്ദരി ക്ലിയോപാട്ര പാലിലാണ് കുളിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
എന്തായാലും പാലിനെക്കുറിച്ചും ചായയെക്കുറിച്ചും പറയാൻ പലതുണ്ട്.  മൂന്ന് മൃഗങ്ങളിൽ നിന്നും കിട്ടുന്ന പാൽ നാം ഉപയോഗിക്കുന്നു. പ്രധാനമായും പശുവിൻപാലാണ് ആളുകൾ കൂടുതലായി ഉപയോഗിക്കുന്നത്. എരുമ, ആട് എന്നിവയുടെ പാലും ഉപയോഗത്തിലുണ്ട്. ഇതിൽ ആട്ടിൻപാലിന് ചൂടു കൂടുതലായിരിക്കും.
    കട്ടൻചായ കുടിക്കുന്നത് അപ്രിയമായിട്ടുള്ളവർക്ക് പാൽ ചായ കുടിക്കാം. ഒരു ഗ്ലാസിന്റെ മൂന്നിലൊരുഭാഗം പാലും ബാക്കി വെള്ളവും ചേർത്ത് തിളപ്പിക്കുക. ഇതിൽ രണ്ട് നുള്ള് ജീരകംകൂടി ചേർത്ത് മറ്റൊരു രുചിയോടെ പാൽചായ കുടിക്കാം. ഇത് കുട്ടികൾക്കും ഇഷ്ടമായിരിക്കും. ചായയിൽ ഏലയ്ക്ക പൊടിച്ച് ചേർത്താൽ സ്വാദേറും.
    കട്ടൻചായയിൽ പഞ്ചസാരയും ഒരു ചെറുനാരങ്ങാനീരും ചേർത്ത് കുടിച്ചാൽ വയറിളക്കത്തിന് ഉത്തമമാണ്.
   ഫ്രിഡ്ജിലിരുന്ന് പാട കെട്ടിയ പാൽ ഉപയോഗിച്ച് ചായ ഉണ്ടാക്കുമ്പോൾ പാലും വെള്ളവും ഇളക്കിക്കൊണ്ടിരുന്നാൽ ചൂടാകുമ്പോൾ പാട ലയിച്ചുചേരും. അതിനുശേഷം മാത്രം തേയിലപ്പൊടിയിടുക. പാട ലയിപ്പിക്കാതെ തേയിലപ്പൊടിയിട്ടാൽ പാടയുമായി ചേർന്ന് തേയില പൊടിയും കട്ടയായി കിടക്കും. 
    ഒരു ഗ്ലാസ് തണുത്ത പാലിൽ ഒരു സ്പ്പൂൺ പഞ്ചസാരയും ഒരു സ്പ്പൂൺ കൊക്കോപൗഡറും ചേർക്കുക. ആദ്യം പഞ്ചസാരയും കൊക്കോപൗഡറും ഗ്ലാസിലിട്ടതിനു ശേഷം ഒരു സ്പൂൺ പാലൊഴിച്ച് നന്നായി ഇളക്കി മിശ്രിതം ലയിപ്പിച്ചെടുത്തിട്ടുവേണം ഗ്ലാസ് നിറയെ പാലൊഴിക്കുവാൻ. ഇല്ലെങ്കിൽ കൊക്കോപൗഡർ ലയിക്കാതെ പാലിനുമീതെ കിടക്കും. (കാഡ്ബറീസ് കൊക്കോപൗഡർ സൂപ്പർ മാർക്കറ്റുകളിൽ ടിന്നുകളിൽ ലഭിക്കും ) 
  പാൽ ഉപയോഗിച്ച് കുറെ വിഭവങ്ങളുണ്ടാക്കാൻ കഴിയും. അതിൽ പ്രധാനമാണ് പാൽപ്പായസം. പാൽ പ്രഥമനും പാൽ പേടയുമാണ് മറ്റൊ ന്ന്. മിൽക്ക് ഷെയ്ക്കും പലരും രുചിയോടെ കഴിക്കുന്നു. 
    ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. പുറത്തു വച്ചിരിക്കുന്ന പാൽ പ്രത്യേകിച്ചും വേനൽകാലങ്ങളിൽ പെട്ടെന്ന് ചീത്തയായി പോകാനുള്ള സാദ്ധ്യത കൂടുതലാണ്.
    ഇപ്പോൾ ഗ്രീൻ ടീ വിപണിയിലുണ്ട്. ആരോഗ്യപരമായ കാരണങ്ങൾക്ക് ഗ്രീൻ ടീയുടെ ഉപയോഗം നല്ലതാണ്. കൊളസ്ട്രോൾ നിയന്ത്രിക്കും, ഡയബറ്റിക്സ് ഉള്ളവർക്കും നന്ന്. കൂടാതെ വെയിറ്റ് നില നിർത്താനും മാനസിക സംഘർഷങ്ങൾ ഒഴിവാക്കാനും ഗ്രീൻ ടീ ഉപയോഗിക്കുന്നത് ഉത്തമമാണ്.Search This Blog

Powered by Blogger.