വേനലിനെ അതിജീവിക്കാം
ആരോഗ്യവും സൗന്ദര്യവും എങ്ങനെ നിലനിർത്താം? ചില ലളിതമായ മാർഗ്ഗങ്ങളിതാ.
വേനൽക്കാലമായാൽ ധാരാളം ചെറുനാരങ്ങ വാങ്ങി സ്റ്റോക്ക് വെയ്ക്കുക. ദിവസവും ഒരു ഗ്ലാസ് നാരങ്ങാനീര് ഉപ്പോ, തേനോ പനംചക്കരയോ ചേർത്ത് കുടിക്കുക. ശരീരത്തിന്റെ ഉഷ്ണം ശമി ക്കുന്നതോടൊപ്പം ഈ പാനീയം രക്തശുദ്ധിയും നൽകുന്നു.
മോര്, ഇളനീര്, ഏലം, ചുക്ക്, ശർക്കര ചേർത്ത പാനീയം എന്നിവ ഇടയ്ക്കിടെ കുടിക്കാം. ഉള്ളി ചേർത്ത പഴങ്കഞ്ഞിയും കഴിക്കാം.
കുപ്പികളിലാക്കി മോഹിപ്പിക്കുന്ന പരസ്യവുമായി വിപണിയിൽ കിട്ടുന്ന ശീതളപാനീയങ്ങളിൽ ആസിഡ് അധികമുള്ളതുകൊണ്ട് അവ ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും. ഇടയ്ക്കിടെ നാവ് വരണ്ട് വീണ്ടും വീണ്ടും അത് കുടിക്കാനുള്ള പ്രേരണ വർദ്ധിക്കും. അതുകൊണ്ട് ഇത്തരം ശീതള പാനീയങ്ങൾ പാടേ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളമോ, തണുത്ത ശുദ്ധജലമോ ആണ് ദാഹത്തിന് ഉത്തമം.
തണ്ണിമത്തൻ, നൊങ്ക്, വെള്ളരി എന്നിവ ധാരാളം കഴിക്കുക.
മലക്കറികളിൽ പടവലങ്ങ, പീച്ചിങ്ങ, ചുരയ്ക്ക, അമര, മുള്ളങ്കി, കുമ്പളങ്ങ, ചീരകളിൽ മണത്തക്കാളി, ഉലുവാചീര എന്നിവയും ചൂട് ശമിപ്പിക്കുന്നവയാണ്.
കറ്റാർവാഴയുടെ പൾപ്പ് തേച്ച് കുളിച്ചാൽ ചർമ്മം വരണ്ടുപോകാതെ സംരക്ഷിക്കാനാവും.
മാർക്കറ്റിൽ ലഭിക്കുന്ന ഹെന്ന ഒഴിവാക്കി മരുതാണി ഇല ഉപയോഗിച്ചാൽ ശരീരം തണുക്കും.
സ്ത്രീകൾ വേനൽക്കാലത്ത് മുല്ലപ്പൂവ് ചൂടുന്നത് നല്ലതാണ്. മുല്ലപ്പൂവ് തണുപ്പ് മാത്രമല്ല മനസ്സിന് ഉന്മേഷവും പകരുന്നു.
വെയിലത്ത് അധികം അലയുന്നവർ രാത്രി തലയിലും ഉള്ളംകാലിലും ആവണക്കെണ്ണ പുരട്ടുക.
രണ്ടുനേരവും കുളിച്ച് കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും എരിവ്, പുളി, മാംസാഹാരം എന്നിവ കുറച്ച് ധാരാളം വെള്ളം കുടിക്കുകയും ചെയ്താൽ തന്നെ വേനലിനെ ഒരു പരിധിവരെ അതിജീവിക്കാം