ചെലവില്ലാതെ സൗന്ദര്യ സംരക്ഷണം

ചെലവില്ലാതെ  സൗന്ദര്യ സംരക്ഷണം

 മുഖത്തിന്റെ വശ്യതയാണ് സൗന്ദര്യത്തിന്റെ ലക്ഷണം. എന്നാൽ മുഖസൗന്ദര്യം മാത്രമല്ല അടിമുടി സൗന്ദര്യം നിലനിർത്തിയാലേ നിങ്ങളെ "സുന്ദരി' എന്ന് മറ്റുള്ളവർ വിശേഷിപ്പിക്കയുള്ളു. അതിന് ഭാരിച്ച പണച്ചെലവോ കഠിനാദ്ധ്വാനമോ ആവശ്യമില്ല. നിങ്ങളുടെ സൗന്ദര്യം എന്നെന്നും നിലനിർത്താൻ ലളിതമായ മാർഗ്ഗങ്ങളിതാ.
ഫേഷ്യൽ 
 ഒരു ടീസ്പ്പൂൺ തൈരിൽ ഒരു തുള്ളി ചെറുനാരങ്ങാനീരും ഒരു ടീസ്പ്പൂൺ തേനും ചേർത്ത് മുഖത്ത് മസാജ് ചെയ്യുക. പതിനഞ്ചുമിനിറ്റിനുശേഷം വെള്ളംകൊണ്ട് കഴുകുക. ഒരുമാസം ഇങ്ങനെ തുടർച്ചയായി ചെയ്താൽ മുഖകാന്തി വർദ്ധിച്ച് മുഖത്തിന്റെ ഫ്രഷ്നെസ് നിലനിർത്താനാവും. ചെറുനാരങ്ങയിൽ സിട്രിക്ക് ആസിഡ് അധികം അടങ്ങിയിട്ടുള്ളതുകൊണ്ട് അത് ചേർക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. കാരണം ചെറുനാരങ്ങ അധികം ചേർത്താൽ മുഖത്ത്നീറ്റലും അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം.
പുരികങ്ങളുടെ സമൃദ്ധിക്ക്
 ഐബ്രോ പെൻസിലിന്റെ തുമ്പ് വിളക്കെണ്ണ (ആവണക്ക്)യിൽ മുക്കി ഉറങ്ങുന്നതിനുമുമ്പായി പുരികത്തിൽ തടവുക.
ചുണ്ടുകളുടെ ഭംഗിക്ക് 
  കൊത്തമല്ലി അല്ലെങ്കിൽ ബീറ്റ്റൂട്ടിന്റെ നീരെടുത്ത് ചുണ്ടിൽ തടവുക. അടുക്കളയിൽ ജോലി ചെയ്യുന്നവരുടെ ചുണ്ടുകൾക്ക് വരൾച്ച അനുഭവപ്പെടാറുണ്ട്. അവർക്ക് ഈ രീതി സ്വീകരിക്കാവുന്നതാണ് ചുണ്ടിന്റെ നിറം വർദ്ധിക്കുമെന്നത് തീർച്ച.
എണ്ണമയമുള്ള ചർമ്മത്തിന് 
  എന്തൊക്കെ മേക്കപ്പിട്ടാലും ചിലരുടെ മുഖത്തെ എണ്ണമയം മാറാറില്ല. മുട്ടയുടെ വെള്ളമാത്രമെടുത്ത് മൂന്ന് ദിവസത്തിലൊരിക്കൽ മുഖത്ത് തടവി ഉണങ്ങുമ്പോൾ കഴുകിയാൽ മുഖകാന്തി വർദ്ധിക്കും.
തലമുടിയുടെ ഭംഗിക്ക് 
  ഭംഗിയുള്ള തലമുടി ആരും കൊതിക്കും. രാത്രി ഉറങ്ങുന്നതിനുമുമ്പായി ബദാം എണ്ണയോ ഒലീവ് എണ്ണയോ തലയിൽ തടവിയിട്ട് ഉറങ്ങാൻ പോവുക. രാവിലെ അത് കഴുകുക.
താരൻ ശല്യത്തിന്
  തൈരും ഉലുവയുമാണ് താരന്റെ കാലൻ. ഇതിനോടൊപ്പം ചെറുനാരങ്ങാനീര് ചേർത്ത് മിക്സിയിൽ അരച്ചെടുത്ത് രോമങ്ങളുടെ വേരുകളിൽ വെച്ച് നല്ലവണ്ണം അമർത്തിതേച്ച് പോന്നാൽ താരൻ വിട പറയും.
പേൻ ശല്യത്തിന് 
 ആര്യവേപ്പില, കറിവേപ്പില, ഉള്ളി, തൈര് എന്നിവ നല്ലവണ്ണം അരച്ച് രാത്രിയിൽ തലയിൽ തടവുക. രാവിലെ കഴുകി കളയുക. തുടർച്ചയായി ഏതാനും ദിവസം ഇത് ചെയ്തുപോന്നാൽ പേൻശല്യം പിന്നെയുണ്ടാവില്ല. 
കണ്ണിന് താഴെയുള്ള കരിവളയത്തിന് 
 വിറ്റാമിനുകളുടെ കുറവും ഉറക്കമില്ലായ്മയുമാണ് മിക്കവാറും സ്ത്രീകൾക്ക് കണ്ണിനുതാഴെ കരിവളയമുണ്ടാവുന്നതിന്റെ പ്രധാനകാരണം. വെള്ളരി, ഉരുളക്കിഴങ്ങ് എന്നിവയുടെ ചാറ് സമ അളവിൽ എടുത്ത് കണ്ണുകൾക്ക് ചുറ്റും തുടർച്ചയായി ഒരു മാസക്കാലം തടവുക. കരിവളയങ്ങൾ മാറി കണ്ണിന്റെ പൊലിമ വർദ്ധിക്കുന്നതു കാണാം.
നഖഭംഗിക്ക് 
  നീളമുള്ള നഖങ്ങൾ സ്ത്രീസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. വിറ്റാമിൻ, പ്രോട്ടീൻ എന്നിവയുടെ കറവുമൂലം നഖങ്ങൾ ഉടഞ്ഞുപോകാറുണ്ട്. അത് തടയാൻ ദിവസവും അഞ്ചോ പത്തോ മിനിട്ടുനേരം കാൽവിരലുകൾ പാലിൽ മുക്കിവയ്ക്കുക. പാലിലെ പ്രോട്ടീൻ വിരലുകളിൽ പ്രവേശിച്ച് നഖങ്ങളുടെ വളർച്ചയ്ക്ക് വിത്തിടും

Post a Comment

0 Comments

Search This Blog